Tuesday, August 19, 2008

പാട്ടു കെട്ടിയ കൊട്ട.

പാടുമായിരുന്നു, അമ്മ
ഉള്ളിയുടെയും
വിറകിന്റെയും
മണങ്ങള്‍ക്കിടയിലൂടെ.......


സെബാസ്ത്യനോസ്‌
പുണ്യാളന്റെ പീഡിതകഥയും
ചന്ദ്രികയുടെ പ്രേമവും
ഉണ്ണിയാര്‍ച്ചയുടെ ധീരഗാഥയും
ഈണത്തില്‍ ഒഴുകി.


കരിപുരണ്ട ചട്ട
പാട്ടുമണങ്ങളില്‍ മുങ്ങി.


കവടി പോയ പിഞ്ഞാണങ്ങളില്‍
‍കഞ്ഞിക്കു കൂട്ടാന്‍
അമ്മ പാട്ടും വിളമ്പി
ക്രിസ്മസ്‌ രാത്രി,
അമ്മ പാടി തിരിയിട്ട പാട്ടവിളക്ക്‌
മുറ്റത്തെ മാവില്‍
നക്ഷത്രത്തില്‍ മുനിഞ്ഞു കത്തി.


ആദ്യം വായിച്ച പുസ്തകത്തിന്‌
വിസ്മയങ്ങളുടെ
ഗന്ധമായിരുന്നു.
തേങ്ങാപീരയും ശര്‍ക്കരയും ചേര്‍ത്ത്‌
കറുകയിലയില്‍ പുഴുങ്ങിയ അടയുടെ മണം.


പാട്ടു കെട്ടിയ കൊട്ടയില്‍
‍പള്ളിപ്പറമ്പ്‌ അടിച്ചുവാരി
ചവറുകള്‍ അമ്മ കൊണ്ടുവന്നു.
ചവറുകള്‍ കത്തുമ്പോള്‍
മധുരക്കിഴങ്ങ്‌ താളത്തോടെ
പാടിത്തിളച്ചു.
അടുപ്പില്‍ കുനിഞ്ഞു നിന്നമ്മ
വിശുദ്ധ ത്രേസ്യയുടെ കഥ പാടി
കണ്ണീരൊഴുക്കി.

ഓര്‍മിച്ചെടുക്കാന്‍
കഴിയാത്ത പ്രായത്തില്‍
‍രാവുകളില്‍
ജ്ഞാനസുന്ദരിയായ്‌
അമ്മ പാടുമായിരുന്നു.

1 comment:

nirmmaalyam / നിര്‍മ്മാല്യം said...
This comment has been removed by a blog administrator.