Tuesday, August 19, 2008

പാട്ടു കെട്ടിയ കൊട്ട.

പാടുമായിരുന്നു, അമ്മ
ഉള്ളിയുടെയും
വിറകിന്റെയും
മണങ്ങള്‍ക്കിടയിലൂടെ.......


സെബാസ്ത്യനോസ്‌
പുണ്യാളന്റെ പീഡിതകഥയും
ചന്ദ്രികയുടെ പ്രേമവും
ഉണ്ണിയാര്‍ച്ചയുടെ ധീരഗാഥയും
ഈണത്തില്‍ ഒഴുകി.


കരിപുരണ്ട ചട്ട
പാട്ടുമണങ്ങളില്‍ മുങ്ങി.


കവടി പോയ പിഞ്ഞാണങ്ങളില്‍
‍കഞ്ഞിക്കു കൂട്ടാന്‍
അമ്മ പാട്ടും വിളമ്പി
ക്രിസ്മസ്‌ രാത്രി,
അമ്മ പാടി തിരിയിട്ട പാട്ടവിളക്ക്‌
മുറ്റത്തെ മാവില്‍
നക്ഷത്രത്തില്‍ മുനിഞ്ഞു കത്തി.


ആദ്യം വായിച്ച പുസ്തകത്തിന്‌
വിസ്മയങ്ങളുടെ
ഗന്ധമായിരുന്നു.
തേങ്ങാപീരയും ശര്‍ക്കരയും ചേര്‍ത്ത്‌
കറുകയിലയില്‍ പുഴുങ്ങിയ അടയുടെ മണം.


പാട്ടു കെട്ടിയ കൊട്ടയില്‍
‍പള്ളിപ്പറമ്പ്‌ അടിച്ചുവാരി
ചവറുകള്‍ അമ്മ കൊണ്ടുവന്നു.
ചവറുകള്‍ കത്തുമ്പോള്‍
മധുരക്കിഴങ്ങ്‌ താളത്തോടെ
പാടിത്തിളച്ചു.
അടുപ്പില്‍ കുനിഞ്ഞു നിന്നമ്മ
വിശുദ്ധ ത്രേസ്യയുടെ കഥ പാടി
കണ്ണീരൊഴുക്കി.

ഓര്‍മിച്ചെടുക്കാന്‍
കഴിയാത്ത പ്രായത്തില്‍
‍രാവുകളില്‍
ജ്ഞാനസുന്ദരിയായ്‌
അമ്മ പാടുമായിരുന്നു.

Saturday, June 14, 2008

ഒട്ടിച്ച നോട്ട്‌

ഡാഷ്‌-സ്റ്റേഷനരികിലെ
പണിതീരാത്ത പീടികമുറി
അക്ഷമയുടെ ശയ്യയല്ല


പാതിരാവിലെ പ്രണയം;
ഒട്ടിച്ച നോട്ടുകള്‍,
മുപ്പതുരൂപ.


വെളുപ്പാന്‍ കാലത്തെ
ഉദ്ധരിച്ച വിളക്കുകാലിന്‍ ശിരസ്സില്‍നിന്നും
തെറിച്ചുചാടിയ
രേതസ്സിന്റെ മഞ്ഞ നഗരം
തട്ടുകടയിലെ ഉറക്കമിളച്ച
പല്ലിന്റെ ചിരി
വായ്‌നാറ്റം
തട്ടുദോശ
കട്ടന്‍.


‍കുറച്ചായാല്‍ ഉഷസ്സുവരും!

ചുരിദാറിനകത്തു
കടിച്ചുതുപ്പിയ
ഓസ്സിയാര്‍ ഹാന്‍സ്‌ വാട...
വിയര്‍ത്തചൊറിച്ചിലിന്‍ ചിറകടി.


പ്രകാശതൂറ്റം മലയില്‍ ഉയരും മുമ്പ്‌
ധൃതിയില്‍ അടിച്ചുവാരിക്കൂട്ടി;
കീറിയ പ്ലാസ്റ്റിക്ക്‌ നഗരനായ്‌നാറ്റം.


കുറച്ചായാല്‍ ഉഷസ്സുവരും.

Friday, May 23, 2008

വീട്

രുളിനെ

കൊതിയോടെ

നോക്കിനില്‍ക്കും വീട്‌

എന്നെ ശാസിച്ചു:

"കാട്ടുപോത്തേപോയിക്കിടന്നുറങ്ങ്‌,

മുറിയില്‍ കിടക്ക വിരിച്ചിട്ടുണ്ട്‌"

മുറ്റത്ത്‌

നില്‍ക്കുകയായിരുന്നു

ഞാനപ്പോള്‍.

വീടിന്റെ സംസാരങ്ങളള്‍

‍എനിക്കുമാത്രമേ കേള്‍ക്കാനാവൂ

ഭാഗ്യം!

ചീത്തവിളി കേള്‍ക്കില്ലല്ലൊ

മറ്റാരും.

മറിച്ചൊന്നും ഉരിയാടാതെ

പോയിക്കിടന്നു മുറിയില്‍,

ഇരുട്ടിന്റെ ചെളിവെള്ളത്തില്‍

"കാട്ടുപോത്തേ

ഉറങ്ങിയോ?"

വീടു വിളിച്ചു ചോദിച്ചു.

മിണ്ടുവാന്‍

തോന്നിയില്ല.

പുറത്തെ ഇരുളിനെ

നാവാല്‍ നക്കിവലിച്ച്‌

ഉള്ളിലാക്കി രസിച്ചുകൊണ്ടിരുന്നു

അധികാരിയാം വീട്‌.

Wednesday, May 14, 2008

കരതലാമലകം

നാനോ വിദ്യയാല്‍
ഭൂഗോളത്തെ
ആയിരംകോടി ചെറുതാക്കി
ഒരു നെല്ലിക്കയോളമാക്കി
ഉള്ളം കൈയില്‍ വെച്ചു.
ഇനി കണിശമായ്‌ പരിശോധിക്കാം.
ഇപ്പോഴും മുക്കാല്‍ ഭാഗവും ജലം തന്നെ
കുന്നുകള്‍ ചുട്ടുപഴുത്ത്‌ ലോഹം പോലെ
ഇരുളും പച്ചയും കുറഞ്ഞ്‌
കാടിന്റെ അടയാളങ്ങള്
‍അവിടവിടെ പണ്ട്‌ പുഴ പാഞ്ഞ പാടുകള്‍.
ഒറ്റനോട്ടത്തില്‍ ഇത്രയും പഠിച്ചു.
ഇനി പഴയ രൂപത്തിലാക്കണം
അതിനു ശ്രമിക്കുമ്പോള്‍
മുക്കാല്‍ ഭാഗവും നിറയുന്ന വെള്ളം
കൈക്കുടന്ന കവിഞ്ഞോഴുകി.
അതുകൊണ്ട്‌ ക്ഷമിക്കണേ
നാനോ ടെക്നോളജിയുടെ വിരുതുകൊണ്ട്‌ ലോപിച്ച
പൂര്‍വരൂപത്തിലാക്കാനാകാത്ത
ഒരു കൊച്ചുഭൂമിയിലാണ്‌ ഇപ്പോള്‍ നമ്മള്‍
‍ഇതൊരു സത്യമാണ്‌
രഹസ്യവുമാണ്‌.