Friday, May 23, 2008

വീട്

രുളിനെ

കൊതിയോടെ

നോക്കിനില്‍ക്കും വീട്‌

എന്നെ ശാസിച്ചു:

"കാട്ടുപോത്തേപോയിക്കിടന്നുറങ്ങ്‌,

മുറിയില്‍ കിടക്ക വിരിച്ചിട്ടുണ്ട്‌"

മുറ്റത്ത്‌

നില്‍ക്കുകയായിരുന്നു

ഞാനപ്പോള്‍.

വീടിന്റെ സംസാരങ്ങളള്‍

‍എനിക്കുമാത്രമേ കേള്‍ക്കാനാവൂ

ഭാഗ്യം!

ചീത്തവിളി കേള്‍ക്കില്ലല്ലൊ

മറ്റാരും.

മറിച്ചൊന്നും ഉരിയാടാതെ

പോയിക്കിടന്നു മുറിയില്‍,

ഇരുട്ടിന്റെ ചെളിവെള്ളത്തില്‍

"കാട്ടുപോത്തേ

ഉറങ്ങിയോ?"

വീടു വിളിച്ചു ചോദിച്ചു.

മിണ്ടുവാന്‍

തോന്നിയില്ല.

പുറത്തെ ഇരുളിനെ

നാവാല്‍ നക്കിവലിച്ച്‌

ഉള്ളിലാക്കി രസിച്ചുകൊണ്ടിരുന്നു

അധികാരിയാം വീട്‌.

Wednesday, May 14, 2008

കരതലാമലകം

നാനോ വിദ്യയാല്‍
ഭൂഗോളത്തെ
ആയിരംകോടി ചെറുതാക്കി
ഒരു നെല്ലിക്കയോളമാക്കി
ഉള്ളം കൈയില്‍ വെച്ചു.
ഇനി കണിശമായ്‌ പരിശോധിക്കാം.
ഇപ്പോഴും മുക്കാല്‍ ഭാഗവും ജലം തന്നെ
കുന്നുകള്‍ ചുട്ടുപഴുത്ത്‌ ലോഹം പോലെ
ഇരുളും പച്ചയും കുറഞ്ഞ്‌
കാടിന്റെ അടയാളങ്ങള്
‍അവിടവിടെ പണ്ട്‌ പുഴ പാഞ്ഞ പാടുകള്‍.
ഒറ്റനോട്ടത്തില്‍ ഇത്രയും പഠിച്ചു.
ഇനി പഴയ രൂപത്തിലാക്കണം
അതിനു ശ്രമിക്കുമ്പോള്‍
മുക്കാല്‍ ഭാഗവും നിറയുന്ന വെള്ളം
കൈക്കുടന്ന കവിഞ്ഞോഴുകി.
അതുകൊണ്ട്‌ ക്ഷമിക്കണേ
നാനോ ടെക്നോളജിയുടെ വിരുതുകൊണ്ട്‌ ലോപിച്ച
പൂര്‍വരൂപത്തിലാക്കാനാകാത്ത
ഒരു കൊച്ചുഭൂമിയിലാണ്‌ ഇപ്പോള്‍ നമ്മള്‍
‍ഇതൊരു സത്യമാണ്‌
രഹസ്യവുമാണ്‌.